Latest Updates

കല്‍പ്പറ്റ: ഒരു നാടിനെ ഭൂപടത്തില്‍ നിന്ന് നിന്ന് മായ്ച് കളഞ്ഞ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് ഒരാണ്ട്. ആ വിറങ്ങലിച്ച രാത്രി നോവായി ഇന്നും മനസുകളില്‍ അവശേഷിക്കുന്നു. കണ്ടെത്താന്‍ കഴിയാത്ത 32 പേര്‍ ഉള്‍പ്പെടെ 298 ജീവനുകളാണ് ഉരുള്‍ കവര്‍ന്നെടുത്തത്. വെള്ളരിമലയുടെ താഴ് വാരത്ത് കുറച്ചു ദിവസമായി മഴയുണ്ടായിരുന്നു. പുന്നപ്പുഴയിലെ ഒഴുക്കും തണുപ്പുമൊന്നും ഇവിടുത്തെ ജനതയ്ക്ക് പുതുമയുള്ളതായിരുന്നില്ല. അങ്ങനെ ഉറങ്ങാന്‍ കിടന്നവരാണ്. ജലബോംബ് രൂപപ്പെടുന്നത് ആരുമറിഞ്ഞില്ല. മുണ്ടക്കൈയ്ക്ക് മൂന്ന് കിലോമീറ്റര്‍ അകലെ പുഞ്ചിരിമട്ടത്തിനും മുകളില്‍ വെള്ളോലിപ്പാറയില്‍ മണ്ണും പാറക്കല്ലുകളും അടര്‍ന്ന് വീഴുകയായിരുന്നു. ആദ്യത്തെ ഉരുള്‍പൊട്ടലായിരുന്നു അത്. ചിന്തിക്കുന്നതിനും മുന്നേ മുണ്ടക്കൈ മുങ്ങി. വീടുകള്‍ നിലംപൊത്തി. ജീവന് വേണ്ടിയുള്ള നിലവിളികളാണ് പിന്നീട് കേട്ടത്. അവിടെയും നിന്നില്ല. വെള്ളവും കല്ലും മരങ്ങളും അടിഞ്ഞ് തടാകം പോലെ രൂപപ്പെട്ടു. വീണ്ടും ഉരുള്‍ പൊട്ടി. രണ്ട് നിലക്കെട്ടിടത്തിന്റെ ഉയരത്തില്‍ ചൂരല്‍മലയുടെ അങ്ങാടിയിലേയ്ക്ക് വെള്ളം ഇരച്ചെത്തി. നാട് രണ്ടായി പിളര്‍ന്നു. രക്ഷാദൗത്യത്തിന്റെ നാളുകളായിരുന്നു പിന്നീട് കണ്ടത്. 48 മണിക്കൂറിനിടെ പെയ്തത് 572 മില്ലീമീറ്റര്‍ മഴയാണ്. അപകടമുന്നറിയിപ്പും ഉണ്ടായിരുന്നില്ല. ദുരന്തത്തില്‍ കിടപ്പാടം നഷ്ടമായ 402 കുടുംബങ്ങളും ഇപ്പോഴും താത്കാലിക കെട്ടിടത്തില്‍ത്തന്നെയാണ്. പുനരധിവാസം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന് ഒരു വര്‍ഷം പോരാതെ വന്നു. സാമ്പത്തികസഹായത്തിലൂന്നിയായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനങ്ങള്‍. പണമില്ലാത്തതിന്റെ പേരില്‍ ഒന്നും മുടങ്ങില്ലെന്ന് ചൂരല്‍മല സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. എന്നാല്‍, വയനാടിനായി പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചിരുന്ന കേരളത്തിന് നയാപൈസപോലും സാന്പത്തികസഹായം കേന്ദ്രത്തില്‍നിന്ന് കിട്ടിയില്ല. കിട്ടിയത് 529 കോടിയുടെ വായ്പമാത്രം. ഉറ്റവരും ഉടയവരുമടക്കം സര്‍വവും നഷ്ടപ്പെട്ട ആ കുടുംബങ്ങള്‍ ഇപ്പോഴും താല്‍ക്കാലിക കേന്ദ്രങ്ങളില്‍ അഭയാര്‍ഥികളാണ്. ഒരു വീടിനായി അവര്‍ കാത്തിരിപ്പ് തുടരുന്നു.

Get Newsletter

Advertisement

PREVIOUS Choice